2011 ഓഗസ്റ്റ് 28, ഞായറാഴ്‌ച

എന്റെ വലിയ പിഴ

മലയാളം..
പറഞ്ഞാല്‍ പിഴ-
യറിഞ്ഞാല്‍ പിഴ-
യനുഭവിച്ചാല്‍ പിഴ

കരയരുതൊരു കുയില്‍പോലു-
മീ മലയാളക്കരയിലിനി
കരഞ്ഞാല്‍ പിഴയടിച്ച്
കടത്തിടും മനസ്സിനപ്പുറം

തായ് വേരറുത്തും
തള്ളയെത്തല്ലിയും
നേടണമുയരണം
കലികാലമല്ലേ...

പിഴച്ചതാര്‍ക്ക്..
പിഴയടിക്കും മനസ്സുകള്‍ക്കോ
നിന്നു പിഴയ്കും മലയാളിക്കോ
പിടഞ്ഞു തീരുമീ
മലയാളത്തിനോ..?

2011 ഓഗസ്റ്റ് 27, ശനിയാഴ്‌ച

ഭ്രമം

സൗജന്യ പുസ്തകം
പാല്‍
മുട്ട
പഴം
യൂണിഫോം
കൂട്ടുകാര്‍......
എല്ലാം വേണ്ടെന്നു വെച്ച്
അയാള്‍ മകനെ
ഇംഗ്ലീഷ് മീഡിയത്തിലാക്കി

"എന്നാലെന്താ..
കോട്ടും ഷൂസും കെട്ടാലോ
ഇംഗ്ലീഷ് മാത്രം പറയാലോ
വലുതാവുമ്പോ
അമേരിക്കേല് പോവാലോ"
അവളുടെ വാക്കുകള്‍
അയാളെ
കോള്‍മയിര്‍ കൊള്ളിച്ചു....

ഡൊണേഷന്‍.. ട്യൂഷന്‍ ഫീ..സ്പെഷല്‍ ഫീ.
ബസ്സ് ഫീ..ബുക്ക് ഫീ...സോ മെനി ഫീ..

ഇംഗ്ലീഷ് വാക്കുകള്‍
ബ്ലെയ്ഡുകളായി ഉറക്കം കെടുത്തിയപ്പോള്‍
ബ്ലെയ്ഡുകള്‍ കിടപ്പാടം കവര്ന്നെടുത്തപ്പോള്‍
…...
അയാള്‍ പോയി തുങ്ങിച്ചത്തു

2011 ജൂലൈ 11, തിങ്കളാഴ്‌ച

സി.ബി.എസ്.ഇ

സി.ബി.എസ്.ഇ
പുതിയ സ്കൂളുകള്‍ വേണ്ട

ഞങ്ങളുടെ സര്‍ക്കാര്‍ സ്കൂളുകള്‍ പൂട്ടും
പക്ഷേ
പഴയ സ്കൂളുകള്‍ വേണം
ഞങ്ങളുടെ
മക്കളുടെ പഠനം പൂട്ടരുതല്ലോ...

2011 ജൂലൈ 9, ശനിയാഴ്‌ച

സ്കൂളില്ലെങ്കിലെന്താ സുഖം.....

സ്കൂളില്ലെങ്കിലെന്താ സുഖം.....
ഇവിടെ വെറുതേ ഇരുന്ന്
സ്വപ്നം കണ്ട്....
കുത്തി വരച്ച്
ഗോട്ടി കളിച്ച്
മാങ്ങ പെറുക്കി
വട്ടുരുട്ടി.....

ചെവി പൊന്നാവില്ല
ബഞ്ചില്‍ കയറണ്ട
ചുണ്ടനങ്ങിയതിനടി വാങ്ങണ്ട
എഴുതിയെഴുതി കൈ കുഴയണ്ട
സ്കുളില്ലെങ്കിലെന്താ സുഖം....

"അമ്മേ...
പ്രാര്‍ഥിച്ചാല്‍
സ്കൂള് പൊളിഞ്ഞ് വീഴുമോ....."

2011 മാർച്ച് 10, വ്യാഴാഴ്‌ച

പൊട്ടിച്ചൂട്ട്

സൂറുംകുറ്റി കത്തിച്ച്
വീട്ടിലേക്ക് നടക്കവേ
കാളപൂട്ടുകണ്ടത്തിന്റെ വരമ്പത്തു വെച്ച്
മുത്തശ്ശനെ പണ്ടൊരിക്കല്‍
പൊട്ടി തിരിച്ചിരുന്നു..........

നടന്നിട്ടും നടന്നിട്ടും
ദൂരെക്കണ്ട
റാന്തല്‍ കാഴ്ചക്കരികില്‍
എത്താനാവാതെ
മുത്തശ്ശന്‍
വരമ്പായ വരമ്പൊക്കെ
ചവിട്ടി തീര്‍ത്തു.........

കട്ടപാടത്തെ മണ്ണട്ടകള്‍
കളിയാക്കി കരഞ്ഞപ്പോള്‍
കറ്റക്കുറ്റികള്‍ ചവിട്ടിച്ചതച്ച്
മുത്തശ്ശനരിശം തീര്‍ത്തു

എങ്ങനെ നടന്നാലും
എങ്ങോട്ട് നടന്നാലും
കാളപൂട്ട് കണ്ടത്തിന്റെ
ചിറവരമ്പ്
മുത്തശ്ശനഭയം നല്‍കി വന്നു

ഒടുവില്‍
മണ്ണെണ്ണ തീര്‍ന്ന്
സൂറും കുറ്റികെട്ട്
വരമ്പത്ത് കുന്തിച്ചിരുന്ന
മുത്തശ്ശനെ,
ആരോ
കൈ പിടിച്ച്
വീട്ടിലെത്തിച്ചു.............

വരമ്പത്ത് വരച്ചവട്ടത്തിനുള്ളില്‍
കുത്തിനിര്‍ത്തിയ
ഉളിക്കത്തിയെടുക്കാന്‍
മുത്തശ്ശന്‍
മറന്നു പോയിരുന്നു......

2011 മാർച്ച് 4, വെള്ളിയാഴ്‌ച

“രാഷ്ട്രീയം പറയരുത്......”

“രാഷ്ട്രീയം പറയരുത്......”
കവലയിലെ ചായക്കടച്ചുമരില്‍
കടക്കാരന്‍ പണ്ട്
കരി കൊണ്ട് കോറിയിട്ടത്
ഇപ്പോഴും മായാതെ കിടപ്പുണ്ട്...

മുറിക്കാലന്‍ ബഞ്ചില്‍
മുറുക്കും തിന്നിരുന്ന്
പരദൂഷണം പറയാം
കുശുമ്പുകുത്താം
ഒളിഞ്ഞ് കണ്ട
അവിഹിതങ്ങള്‍ നുണഞ്ഞു രസിക്കാം
കിട്ടാക്കടത്തിനു
മടിക്കുത്ത് പിടിക്കാം
അപ്പന് വിളിക്കാം
കളിപറഞ്ഞ് കാര്യമാകുമ്പോള്‍
തെറികള്‍ പരത്താം
പക്ഷേ....
രാഷ്ട്രീയം പറയരുത്....

സമാവറിലിപ്പോള്‍ കനലില്ല..
കടപൂട്ടി.
പക്ഷേ....
കരിപിടിച്ച ചുമരുകളിലിപ്പഴുമുണ്ട്..
രാഷ്ട്രീയം പറയരുത്..............

2011 ജനുവരി 28, വെള്ളിയാഴ്‌ച

വെള്ളമടിക്കാത്തവന്‍

കല്യാണത്തിനെത്തിയവരെല്ലാം ഫിറ്റ്....!
ഇപ്പഴതാണത്രെ നടപ്പ്...
വെള്ളമടിക്കാത്തവന്‍
ഊപ്പ... കണ്‍ട്രി...

ഒരു സ്മാള്‍ വാഗ്ദാനത്തെ
ചിരിച്ചൊഴിഞ്ഞതി-
നെന്തെല്ലാം വശേഷണങ്ങള്‍...
'കരിസ്മാറ്റിക്'
'ചെമ്മാച്ചന്‍'
'അവരാമാപ്പള'
'പാം പറയടാ'
' യെവനൊക്കെ'.......

ഇനി മാറി നടക്കാം
കല്യാണം
ശവമടക്ക്
അടിയന്തിരം
നാലാളുകൂടുമിടം മുഴുവന്‍....

അല്ലെങ്കില്‍....
ഒരുണ്ണാക്കനായി
വളിച്ച ചിരിയോടെ
ചമ്മലഡ്ജസ്റ്റ് ചെയ്ത്
ജീവിക്കാന്‍ ശ്രമിക്കാം...

2011 ജനുവരി 18, ചൊവ്വാഴ്ച

സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്ന കുട്ടി

സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കുന്നവനെന്ന്
നിങ്ങളവനെ പരിഹസിക്കണ്ട...

നിങ്ങളുടെ പോഷിന്റെ
ഊതിവീര്‍പ്പിച്ച ബലൂണ്‍ പോലെ,
മുള്‍മുനയില്‍ പൊട്ടുന്നതല്ല
അവന്റെ വികാരങ്ങള്‍..

കാലൊടി‍ഞ്ഞ ബഞ്ചില്‍
അടുത്ത ചുമലില്‍ മൂക്കട്ട തേച്ച്
കഞ്ഞിപ്പുരയില്‍ നോക്കി
അവന്‍ പഠിച്ച പാഠങ്ങള്‍
തറപറയിലൊതുങ്ങില്ലെന്നോര്‍ക്കുക

കടയില്‍ നിന്നിരന്നു വാങ്ങിയ
തേന്‍മിട്ടായി
ഏഴുനാവുകള്‍ നുണഞ്ഞിറക്കുമ്പോള്‍
പഠിച്ച
മതേതരത്വം.. സാഹോദര്യം....
വിശ്വമാനവികത...
നിങ്ങളുടെ എത് വെള്ളയടിച്ച
പള്ളിക്കൂടങ്ങള്‍ നല്‍കും....

അവനൊരു ....
വിഷാദരോഗിയാവില്ല..
കെട്ടിത്തൂങ്ങില്ല....
ഇതൊരു
സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ച
കുരുത്തംകെട്ടവന്റെ
ഉറപ്പ്........