2011, മാർച്ച് 10, വ്യാഴാഴ്‌ച

പൊട്ടിച്ചൂട്ട്

സൂറുംകുറ്റി കത്തിച്ച്
വീട്ടിലേക്ക് നടക്കവേ
കാളപൂട്ടുകണ്ടത്തിന്റെ വരമ്പത്തു വെച്ച്
മുത്തശ്ശനെ പണ്ടൊരിക്കല്‍
പൊട്ടി തിരിച്ചിരുന്നു..........

നടന്നിട്ടും നടന്നിട്ടും
ദൂരെക്കണ്ട
റാന്തല്‍ കാഴ്ചക്കരികില്‍
എത്താനാവാതെ
മുത്തശ്ശന്‍
വരമ്പായ വരമ്പൊക്കെ
ചവിട്ടി തീര്‍ത്തു.........

കട്ടപാടത്തെ മണ്ണട്ടകള്‍
കളിയാക്കി കരഞ്ഞപ്പോള്‍
കറ്റക്കുറ്റികള്‍ ചവിട്ടിച്ചതച്ച്
മുത്തശ്ശനരിശം തീര്‍ത്തു

എങ്ങനെ നടന്നാലും
എങ്ങോട്ട് നടന്നാലും
കാളപൂട്ട് കണ്ടത്തിന്റെ
ചിറവരമ്പ്
മുത്തശ്ശനഭയം നല്‍കി വന്നു

ഒടുവില്‍
മണ്ണെണ്ണ തീര്‍ന്ന്
സൂറും കുറ്റികെട്ട്
വരമ്പത്ത് കുന്തിച്ചിരുന്ന
മുത്തശ്ശനെ,
ആരോ
കൈ പിടിച്ച്
വീട്ടിലെത്തിച്ചു.............

വരമ്പത്ത് വരച്ചവട്ടത്തിനുള്ളില്‍
കുത്തിനിര്‍ത്തിയ
ഉളിക്കത്തിയെടുക്കാന്‍
മുത്തശ്ശന്‍
മറന്നു പോയിരുന്നു......

2011, മാർച്ച് 4, വെള്ളിയാഴ്‌ച

“രാഷ്ട്രീയം പറയരുത്......”

“രാഷ്ട്രീയം പറയരുത്......”
കവലയിലെ ചായക്കടച്ചുമരില്‍
കടക്കാരന്‍ പണ്ട്
കരി കൊണ്ട് കോറിയിട്ടത്
ഇപ്പോഴും മായാതെ കിടപ്പുണ്ട്...

മുറിക്കാലന്‍ ബഞ്ചില്‍
മുറുക്കും തിന്നിരുന്ന്
പരദൂഷണം പറയാം
കുശുമ്പുകുത്താം
ഒളിഞ്ഞ് കണ്ട
അവിഹിതങ്ങള്‍ നുണഞ്ഞു രസിക്കാം
കിട്ടാക്കടത്തിനു
മടിക്കുത്ത് പിടിക്കാം
അപ്പന് വിളിക്കാം
കളിപറഞ്ഞ് കാര്യമാകുമ്പോള്‍
തെറികള്‍ പരത്താം
പക്ഷേ....
രാഷ്ട്രീയം പറയരുത്....

സമാവറിലിപ്പോള്‍ കനലില്ല..
കടപൂട്ടി.
പക്ഷേ....
കരിപിടിച്ച ചുമരുകളിലിപ്പഴുമുണ്ട്..
രാഷ്ട്രീയം പറയരുത്..............