2015 ഓഗസ്റ്റ് 6, വ്യാഴാഴ്‌ച

ലെഫ്റ്റ് ഈസ് റൈറ്റ്.

"അപ്പ ഇടതല്ലേ.... നരകത്തിലേ പോകൂ.."

         "ആരു പറഞ്ഞെടാ..."

"ലോകാവസാന നാളില്‍ നല്ലവരെ കര്‍ത്താവിന്റെ വലത്തും

     ചീത്തവരെ ഇടത്തുമാണല്ലോ നിര്‍ത്തുക

   ഇടതുനിന്നവര്‍ക്കൊക്കെ നരകവിധി കി‍ട്ടൂല്ലോ...."

"ഡാ... കര്‍ത്താവിന്റെ നേരെ നിക്കുമ്പോ ,

   കര്‍ത്താവിന്റെ വലത് മ്മടെ ഇടതല്ലേ...
    ച്ചാല്‍,..... ലെഫ്റ്റ് ഈസ് റൈറ്റ്... 

    സ്വര്‍ഗ്ഗം ഇണ്ടെങ്കി അത് മ്മക്കാ. "

2015 ജൂൺ 17, ബുധനാഴ്‌ച

പിഴയ്കാതിരിക്കട്ടെ....

ഉണ്ണീ....
നിറയേ
നിറമാര്‍ന്ന കിനാക്കള്‍
തരാമമ്മ....
ഓരോന്നെടുത്തു നിറയ്കനീ
നിറയട്ടെ
നിന്‍ പുസ്തകസഞ്ചി...
പുസ്തകമില്ലാസ‍ഞ്ചിയെന്നാരും
പഴിക്കാതിരിക്കട്ടെ
പുസ്തകമില്ലാക്കുട്ടിയായെന്നുണ്ണി
പിഴയ്ക്കാതിരിക്കട്ടെ..
പഴിക്കാതിരിക്കട്ടെ....
പിഴയ്കാതിരിക്കട്ടെ....

2013 ജൂൺ 26, ബുധനാഴ്‌ച

ഒന്നാം ക്ലാസ്സുകാരന്‍ മഴയ്ക്കായി പ്രാര്‍ത്ഥിക്കുന്നു...


ദൈവമേ.....
........................
മഴ നിറുത്താതെ പെയ്യണേ
തോടും പുഴയും നിറയണേ
ചിറവരമ്പു കാണാവണ്ണം
വെള്ളം കേറി മൂടണേ..

മലവെള്ളം കേറിക്കേറി-
ക്കടായിക്കുറ്റിക്കിപ്പുറം
മുറ്റം പുഴയാകണേ..

ഉമ്മറപ്പടിക്കൊപ്പരം
ഏന്തിയേന്തി മഴവെള്ളം
പനിക്കുളിരുള്ളൊരപ്പൂപ്പന്റെ
ഉള്ളിനാക്കം കൊടുക്കണേ …

അമ്മകാണാപ്പേജു കീറി-
യൊഴുക്കിവിട്ട തോണികള്‍
തോണിക്കാരനുറുമ്പുമായെന്‍
കൂട്ടുകാരെക്കാണണേ..

കലിയിളകിപ്പേയിളകി
പെയ്തുപെയ്തു തിമിര്‍ക്കുമ്പോള്‍
കൂട്ടത്തിലേഡുമാഷിന്റെ
ചൂരലൊഴുക്കിപ്പോക്കണേ....
…................................
നാളെയും ഉസ്ക്കൂളിന് അവധിയാകണേ...