2011, മാർച്ച് 22, ചൊവ്വാഴ്ച

സൈലന്‍സ്

പണ്ട്....
ടീച്ചറില്ലാ ക്ലാസ്സില്‍
മിണ്ടുന്നവരുടെ പേരെഴുതുമായിരുന്നു...
മുക്കാലി ബോര്‍ഡിനു പിറകിലെ
ചൂരലിനെ ഭയന്ന്
ഞങ്ങളാരും മിണ്ടുമായിരുന്നില്ല..
ഒരാളുടെ ചുണ്ടനങ്ങിയാല്‍
എല്ലാവരുടെയും
കൈവെള്ള പൊള്ളുമായിരുന്നു
( നീയല്ലെങ്കില്‍ നിന്റെയപ്പനെന്ന-
ചെന്നായുടെ ന്യായമായിരുന്നു ടീച്ചര്‍ക്ക്)

നല്ല കുട്ടികള്‍ അങ്ങനെയാണത്രേ
നാവനക്കാതെ
ഇമവെട്ടാതെ
തുറന്ന പുസ്തകത്തില്‍
തുറിച്ചുനോക്കിയിരിക്കും...

അങ്ങനെ ഞങ്ങള്‍
ഒന്നും മിണ്ടാതെ
ഇടംവലം തിരിയാതെ
ശ്വാസം വിടാതെ
വളര്‍ന്നു....
വലിയ ആളുകളായി....

ഇപ്പോഴും ഞങ്ങള്‍
അങ്ങനെയൊക്കെയാണ്
മിണ്ടില്ല
ചിരിക്കില്ല
ഇടതോ വലതോ തിരിയില്ല
വെറുതേ
തുറിച്ചുനോക്കി നടക്കും.....................